കൊഴിഞ്ഞാന്പാറ: കോഴിപ്പാറയിൽ വീടിനകത്ത് അതിക്രമിച്ചു കയറി വയോധികയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി 5000 രൂപയും രണ്ടു സ്യൂട്ട്കെയ്സുകളും കവർന്ന കേസിൽ പ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. വാളയാർ ആട്ടുപ്പതി ആട്ടുക്കാരൻ വീട് മദലമത്തുവിന്റെ മകൻ റാബിൻ (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 30ന് കോഴിപ്പാറ സ്വദേശി കമലറാണി (71) യെ ഭീഷണിപ്പെടുത്തി കുളിമുറിയിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്.
വാളയാറിൽനിന്നും പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കൊഴിഞ്ഞാമ്പാറ എസ്ഐ കെ.പി. ജോർജ്, എഎസ്ഐ ശാന്ത, എസ്സിപിഒ രാജേഷ്, സിപിഒ ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റാബിൻ വാളയാർ സ്റ്റേഷനിലെ രണ്ടു പോക്സോ കേസുകളിലെ പ്രതിയാണ്. 15 ദിവസം മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.